ഭുമിശാസ്ത്രം

ഭൂമിശാസ്ത്രപരമായ സ്ഥാനം


വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് $76^{\circ}13'26''$ നും $76^{\circ}19'45''$ നും മധ്യേ കിഴക്ക് രേഖാംശത്തിലും, $10^{\circ}58'49''$ നും $11^{\circ}01'50''$ നും മധ്യേ വടക്ക് അക്ഷാംശത്തിലുമായി സ്ഥിതി ചെയ്യുന്നു. കാര്യവട്ടം, വെട്ടത്തൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന്റെ ആകെ വിസ്തൃതി 35.84 ചതുരശ്ര കിലോമീറ്ററാണ്. സമുദ്രനിരപ്പിൽ നിന്നുള്ള പരമാവധി ഉയരം 544 മീറ്ററാണ്.


പൊതുവേ സമുദ്രനിരപ്പിൽ നിന്നും വലിയ ഉയരത്തിലല്ലാത്ത ഭൂപ്രകൃതിയാണ് ഈ പ്രദേശത്തിനുള്ളത്. പഞ്ചായത്തിന്റെ തെക്കേ അതിർത്തിയിൽ കിഴക്ക്-പടിഞ്ഞാറായി വ്യാപിച്ചുകിടക്കുന്ന ഉയർന്ന മലനിരകളും, ഇടത്തരം ഉയരമുള്ള നിരവധി കുന്നിൻ പ്രദേശങ്ങളും, അവയ്ക്കിടയിലെ വിശാലമായ പാടശേഖരങ്ങളും ചേർന്നതാണ് ഇവിടുത്തെ ഭൂഘടന. ചെങ്കുത്തായ ചരിവുകൾ ഇവിടെ കുറവാണ്. ഭൂരിഭാഗം പ്രദേശങ്ങളും പാറ നിറഞ്ഞതാണെങ്കിലും, അതിനു മുകളിലുള്ള മണ്ണടുക്ക് അതീവ ഫലഭൂയിഷ്ഠമാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കരിങ്കൽ, ചെങ്കൽ കുന്നുകൾ കാണപ്പെടുന്നു.


നെൽകൃഷിക്ക് അനുയോജ്യമായ മണ്ണാണെങ്കിലും, നിലവിൽ റബ്ബർ, കശുമാവ്, തെങ്ങ്, കമുക്, വാഴ, കപ്പ എന്നിവയാണ് ഇവിടുത്തെ പ്രധാന വിളകൾ. കരിങ്കൽ-ചെങ്കൽ കുന്നിൻ പ്രദേശങ്ങളിൽ കശുമാവ് (പറങ്കിമാവ്) വ്യാപകമായി വളരുന്നുണ്ട്.


പ്രദേശത്തെ കാർഷിക മേഖല പ്രധാനമായും ഇടവപ്പാതി (കാലവർഷം), തുലാവർഷം എന്നീ പെയ്ത്തുകളെയാണ് ആശ്രയിക്കുന്നത്. തുലാവർഷത്തിന്റെ ലഭ്യതക്കുറവ് ഉണ്ടാകുന്ന വർഷങ്ങളിൽ കടുത്ത കൃഷിനാശവും ഉൽപ്പാദനക്ഷയവും കുടിവെള്ളക്ഷാമവും അനുഭവപ്പെടാറുണ്ട്. ചാവാലിത്തോട്, തേലക്കാട് തോട്, അരീക്കത്തോട് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ; ഇവ വടക്കോട്ടൊഴുകി വെള്ളിയാർ പുഴയിൽ ലയിക്കുന്നു. കൂടാതെ പടിഞ്ഞാറോട്ടൊഴുകുന്ന പള്ളിക്കുത്ത് തോട് കടലുണ്ടി പുഴയിലാണ് ചെന്നുചേരുന്നത്.