ഓപ്പറേഷൻ തൂഫാൻ 2.0' - തൂഫാൻ തദ്ദേശം - വെട്ടത്തൂർ ഗ്രാമപഞ്ചായത്തിൽ ലഹരിവിരുദ്ധ പരിപാടികൾക്ക് തുടക്കമായി
October 2, 2026
'ഓപ്പറേഷൻ തൂഫാൻ 2.0' - തൂഫാൻ തദ്ദേശം - വെട്ടത്തൂർ ഗ്രാമപഞ്ചായത്തിൽ ലഹരിവിരുദ്ധ പരിപാടികൾക്ക് തുടക്കമായി
സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിവ്യാപനത്തിനെതിരെ കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമഗ്ര കാമ്പയിനായ 'ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിക്ക് വെട്ടത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ പോലീസ് വകുപ്പ് ലഭ്യമാക്കിയ ഔദ്യോഗിക 'തൂഫാൻ ഫ്ലാഗ്' ഉയർത്തിയതോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ചടങ്ങിൽ സംബന്ധിച്ച ജനപ്രതിനിധികളും ജീവനക്കാരും പൊതുജനങ്ങളും ഒരുമിച്ച് അണിനിരന്ന് ലഹരിവിരുദ്ധ 'തൂഫാൻ പ്രതിജ്ഞ' ഏറ്റുചൊല്ലി. വാർഡുതല പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി തിരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകരായ 'തൂഫാൻ വാരിയേഴ്സിന്റെ' ഔദ്യോഗിക പ്രഖ്യാപനവും അവർക്കുള്ള ബാഡ്ജ് വിതരണവും ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു.
ലഹരി ഉപയോഗത്തിന്റെ ശാരീരിക-മാനസിക പ്രത്യാഘാതങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുന്നതിനായി ക്ലാസും. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി നിർവ്വഹിച്ച പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്റെ തത്സമയ സംപ്രേഷണം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സജ്ജീകരിച്ച പ്രത്യേക സ്ക്രീനിലൂടെ പങ്കെടുത്തവർ വീക്ഷിച്ചു. വരുംദിവസങ്ങളിൽ മുഴുവൻ വാർഡുകളിലും പ്രത്യേക 'തൂഫാൻ ഗ്രാമസഭകൾ' വിളിച്ചുചേർക്കാനും, വിപുലീകരിച്ച ജനജാഗ്രതാ സമിതികളുടെ നേതൃത്വത്തിൽ ലഹരി വ്യാപന സാധ്യതയുള്ള ഹോട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും താഴെത്തട്ടിൽ ഊർജ്ജിതമാക്കാനും തീരുമാനമായി